ടൂട്ടി ഫ്രൂട്ടി യഥാർത്ഥത്തിൽ എന്താണ്? എങ്ങനെയാണ് അത് ഉണ്ടാക്കുന്നത്?
എല്ലാം വാണിജ്യവൽക്കരണത്തിന്റെ ഭാഗമായി ബേക്കറികളിലും മറ്റും റെഡിമേഡ് ടൂട്ടി ഫ്രൂട്ടി സുലഭമാണ്. യഥാർത്ഥ പഴങ്ങളെയൊക്കെ മാറ്റി നിർത്തി കൃത്രിമ നിറവും രുചിയും മധുരവുമൊക്കെ ചേർത്ത ഉണക്കിയ പച്ച പപ്പായയാണ് മാർക്കറ്റിൽ കിട്ടുന്ന ടൂട്ടി ഫ്രൂട്ടി.
കടകളിൽ കിട്ടുന്ന ടൂട്ടി ഫ്രൂട്ടി ഒന്ന് മിനക്കെട്ടാൽ നമുക്കൊക്കെ വീട്ടിൽ തന്നെ തയാറാക്കാവുന്നതേ ഉള്ളു. അത് എങ്ങനെ എന്ന് നമുക്ക് നോക്കാം.
ചേരുവകൾ:
പച്ച പപ്പായ – 500 ഗ്രാം
പഞ്ചസാര – 2 കപ്പ്
വാനില എസന്‍സ് – 1 ടീസ്പൂണ്‍
വെള്ളം – 7 കപ്പ്
അംഗീകൃതമായ:
ചുവപ്പു കളര്‍ – ആവശ്യത്തിന്
പച്ച കളര്‍ – ആവശ്യത്തിന്
ഓറഞ്ച് കളര്‍ – ആവശ്യത്തിന്
മഞ്ഞ കളർ – ആവശ്യത്തിന്
( എസ്സൻസ് , കളറുകൾ ബേക്കറികളിൽ കിട്ടും; ഭാവനാ സമ്പന്നനായ( സമ്പന്നയായ) ഒരാൾക്ക് പ്രകൃതി ദത്ത നിറങ്ങളും പരീക്ഷിക്കാം ഉദാ: ബീറ്ററൂട് ജ്യൂസ്)
തയാറാക്കുന്ന വിധം:
പച്ച പപ്പായ കുരുവും തൊലിയും കളഞ്ഞു ചെറിയ ക്യൂബ് ആക്കി മുറിച്ചെടുക്കുക. ഈ പച്ച പപ്പായ കഷ്ണങ്ങള്‍ നന്നായി കഴുകി ഒരു പാനില്‍ ഇടുക. ഇതിലേക്ക് 4 കപ്പ് വെള്ളവും കൂടി ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കാം. പപ്പായ പകുതി വേവ് ആകുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യാം. ഇനി പപ്പായ ഒന്ന് അരിച്ചെടുക്കാം. പപ്പായയിലെ വെള്ളം വാര്‍ന്നു വരുമ്പോഴേക്കും പഞ്ചസാര പാനി തയാറാക്കാം. അതിനായി ഒരു പാനിലേക്കു രണ്ടു കപ്പ് പഞ്ചസാരയും 3 കപ്പ് വെള്ളവും ചേര്‍ത്ത് ചൂടാക്കുക. പഞ്ചസാര നന്നായി ഉരുക്കിയ ശേഷം നേരത്തെ അരിച്ചു വച്ച പപ്പായ കഷ്ണങ്ങള്‍ പഞ്ചസാര പാനിയിലേക്കു ചേര്‍ത്ത് കൊടുക്കുക. ഇനി പപ്പായ പഞ്ചസാരപാനിയില്‍ കിടന്നു നന്നായി വെന്തു വരണം അതോടൊപ്പം പഞ്ചസാരപ്പാനി ഒരു നൂല്‍ പരുവം ആകുകയും വേണം.
പഞ്ചസാര പാനി ഒരു നൂല്‍ പരുവം ആയാല്‍ സ്റ്റൗ ഓഫ് ചെയ്യാം. ഇനി ഒരു ടീസ്പൂണ്‍ വാനില എസന്‍സ് പപ്പായയിലേക്കു ചേര്‍ത്ത് ഒന്ന് യോജിപ്പിച്ചു കൊടുക്കണം .ഈ പപ്പായ പഞ്ചസാര പാനിയോട് കൂടി 3 ബൗളിലേക്കും ഒരേ അളവില്‍ ചേര്‍ത്ത് കൊടുക്കാം. ഇനി ഓരോ ബൗളിലും ഓരോ കളര്‍ ചേര്‍ത്തു യോജിപ്പിക്കാം. 12 മണിക്കൂര്‍ ഇത് ഒന്ന് സെറ്റാക്കാന്‍ മാറ്റിവയ്ക്കാം. 12 മണിക്കൂര്‍ കഴിഞ്ഞാല്‍ പപ്പായ നല്ല കളറായി കിട്ടും.
ഇനി 3 പാത്രങ്ങള്‍ ടിഷ്യു പേപ്പര്‍ വച്ച് എടുത്തു വയ്ക്കാം. ഓരോ പാത്രത്തിലേക്കും ഓരോ കളര്‍ പപ്പായ ചേര്‍ത്ത് നിരത്തി കൊടുക്കണം (പഞ്ചസാരപ്പാനി ഇല്ലാതെ വേണം പപ്പായ കഷ്ണങ്ങള്‍ ടിഷ്യു പേപ്പറില്‍ ഇട്ടു കൊടുക്കാന്‍ ) ടിഷ്യു പേപ്പര്‍ പപ്പായ കഷണങ്ങളില്‍ ഉള്ള പഞ്ചസാര പാനി എല്ലാം വലിച്ചെടുത്തു കഷ്ണങ്ങള്‍ ഡ്രൈ ആയി കിട്ടും .(പെട്ടെന്ന് ഡ്രൈ ആയി കിട്ടാന്‍ ഒന്ന് വെയിലത്ത് വച്ചാല്‍ മതി) പപ്പായ കഷ്ണങ്ങള്‍ ഡ്രൈ ആയി വന്നാല്‍ ടൂട്ടി ഫ്രൂട്ടി റെഡി.
ഇനി പച്ച പപ്പായ ഇല്ലേ? വിഷമിക്കണ്ട! പരീക്ഷിച്ചു വിജയിച്ച ഒരു ഐറ്റം ഉണ്ട്. അതിന്റെ വേവും മറ്റും നിങ്ങൾ അതാതിന്റെ മരുങ്ങിൽ നിശ്ചയിക്കുക. സംഗതി നിസ്സാരം. നമ്മൾ ഉപയോഗിച്ചു കളയുന്ന തണ്ണിമത്തൻ തോട് പച്ച പപ്പായയ്ക്കു പകരക്കാരനായി ഉപയോഗിക്കാം. തണ്ണിമത്തൻ തോട് വൃത്തിയാക്കി പച്ച തോൽ കളയുക. ചെറിയ കഷണങ്ങളായി മുറിച്ച് തിളപ്പിച്ച് എടുക്കാം. ബാക്കിയെല്ലാം മേൽപറഞ്ഞ രീതിയിൽ.


Comments
Post a Comment